Thursday, November 5, 2009

പൈലി അപ്പച്ചന്‍

കൊച്ചു വീട്ടില്‍ പൈലി അപ്പച്ചന്‍ . വയസ്സ് എണ്പത്. ഞങ്ങളുടെ കൂടെ ഷട്ടില്‍ കളിയ്ക്കാന്‍ വരാറുള്ള ജോജിയുടെ വല്യപ്പച്ചന്‍ . വയസ്സ് എണ്പത് ആയെങ്കിലും അപ്പച്ചന് കാര്യമായ അസുഖമൊന്നുമില്ല. കേള്‍വിക്ക് കുറവില്ല , കാഴ്ചക്ക് കുറവില്ല . ( ഒരല്പം കൂടുതലുണ്ടോ എന്ന് ജോജിക്ക് സംശയമുണ്ട്‌ . അത് പിന്നെ പറയാം )
വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുന്ന പതിവുണ്ട് . അമേരിക്കയിലുള്ള മകന്‍റെ മകന്‍ വന്നപ്പോള്‍ കൊടുത്ത 'വാക്കിംഗ് സ്റ്റിക് ' നിലത്തു കുത്താതെ കൈയിലിട്ടു കറക്കി 'അഞ്ഞൂറാന്‍' സ്റ്റൈലില്‍ ഒരു നടപ്പ് ..!
കവലയിലെ പരിചയമുള്ള കടക്കാര്‍ അപ്പച്ചനെ കണ്ടാല്‍ കടക്കുള്ളിലേക്ക് വലിഞ്ഞുകളയും. അല്ലെങ്കില്‍ അപ്പച്ചന്‍റെ ചോദ്യം ഇങ്ങനെയാവും...
"എടാ ജോര്‍ജ്കുട്ടിയേ....... എന്നാടാ .. നിന്‍റെ കടെലിത്ര തള്ള്....!, നല്ല കച്ചവടാ അല്ലേടാ.....?."
"ഇല്ലപ്പച്ചാ .. അത് വായനശാലേടെ പിരിവിന് വന്നവരാ ...... കച്ചവടം തീരെ മടുപ്പാ .."
ജോര്‍ജ് കുട്ടിയുടെ മറുപടിയില്‍ അപ്പച്ചന്‍ ഹാപ്പിയായി ...!
"ങാ ആ ........" എന്ന് നീട്ടി മൂളി അടുത്ത കടയുടെ മുന്‍പിലേക്ക് .
"എടാ .. അന്ത്രയോസ്സെ .... കച്ചവടമൊക്കെ എങ്ങിനാടാ... മടുപ്പാ.. അല്ലേടാ ...?"
"കുഴപ്പമില്ല അപ്പച്ചാ .. കാര്യങ്ങളൊക്കെ ഭംഗിയായി നടക്കുന്നു ."
അപ്പച്ചന്‍റെ മുഖം കറുത്തു.
"ഹും.." എന്നൊന്ന് മൂളി , ആരോടും പിന്നെ മിണ്ടാതെ ഒറ്റ നടത്തം .

ഒരു ദിവസം ജോജിയെ കാണുന്നതിനായി കൊച്ചു വീട്ടിലേക്ക് ചെന്ന ഞാന്‍ അപ്പച്ചന്‍റെ മുന്‍പില്‍ പെട്ടുപോയി ..!
" എടാ കൊച്ചെ , നിന്നെ കണ്ടിട്ട് കുറെയായല്ലോ ?.... നിനക്കെന്നാ പറ്റിയെടാ ?.....! നീയങ്ങു ക്ഷീണിച്ചു പോയല്ലോടാ . ..." അപ്പച്ചന്‍ ചൂണ്ട എറിഞ്ഞു ...!
അപ്പച്ചന്‍റെ സ്വഭാവം അറിയാവുന്നത് കൊണ്ട് , ഇത്തിരി ക്ഷീണം ഭാവിച്ച് ഞാന്‍ പറഞ്ഞു .
" രണ്ടു ദിവസമായി രാത്രിയില്‍ പണിയുണ്ടായിരുന്നു .. ഉറങ്ങഞ്ഞിട്ടാ ..... അപ്പച്ചാ ."
ചൂണ്ടയില്‍ വരാല്‍ കൊത്തിയ സന്തോഷത്തോടെ അപ്പച്ചന്‍ തുടര്‍ന്നു..
"അതല്ലെടാ .. ഇന്നാള് നിന്നെക്കണ്ടപ്പം പറയണമെന്ന് വിചാരിച്ചതാ , നീയാ 'ഔഷധിയിലെ' ഡോക്ടറെ ഒന്നു കാണ്....!. നിനക്കും എന്‍റെ അസുഖം ആണെന്നാ തോന്നുന്നേ .."
എന്‍റെ ഉള്ളൊന്നു കാളി ...!!!
ദൈവമേ ഇതു പുലിവാലായല്ലോ എന്ന് മനസ്സിലോര്‍ത്തു . എന്നാലും ചോദിച്ചു .
"അപ്പച്ചനെന്നാ അസുഖം ?"
"എനിക്കോ ?.. എനിക്ക് ഉള്ളരിയസ്സാടാ കൊച്ചെ .."
പൈല്‍സിനു നാട്ടിന്‍ പുറങ്ങളില്‍ പറയുന്ന പേരാണ് 'അരിയസ്'.
മറുപടി പറയാതെ ചമ്മി നിന്ന എന്നെ ജോജി വന്ന് അകത്തേക്ക് വിളിച്ചു .
ജാള്യത പുറത്തു കാണിക്കാതെ ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ ഒരു ചെറിയ ചിരിയുമായി അപ്പച്ചന്‍ വരാന്തയിലെ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നു ..!

അകത്ത് ജോജിയുമായി സംസാരിച്ച് ഇരിക്കുമ്പോഴും അപ്പച്ചന്‍ എന്നെ 'ആക്കി'യാതാണല്ലോ എന്ന ചിന്ത എന്‍റെ മനസ്സില്‍ നിറഞ്ഞു നിന്നു .
ഏകദേശം അര മണിക്കൂറിനു ശേഷം ജോജിയോടു യാത്ര പറഞ്ഞ് തിരിച്ചിറങ്ങി വരുമ്പോള്‍ , റബ്ബര്‍ വെട്ടുകാരന്‍ കുഞ്ഞൂട്ടന് അപ്പച്ചന്‍ കൂലി കൊടുക്കുന്ന രംഗമാണ് വരാന്തയില്‍ .
തൊട്ടടുത്തു നില്ക്കുന്ന കുഞ്ഞൂട്ടന്‍റെ കൈയിലേക്ക്‌ രൂപ കൊടുക്കാതെ അര മതിലിന്‍റെ പുറത്തു വെച്ചിട്ട്, "എടുത്തോ" എന്നായി അപ്പച്ചന്‍ .
കുഞ്ഞൂട്ടന്‍ ഭവ്യതയോടെ രൂപയെടുത്ത്‌ , പുറത്തേക്ക് പോയി .

അപ്പച്ചനിട്ട് ഒരു 'കൊട്ട് ' കൊടുക്കാന്‍ കിട്ടിയ അവസരം വിട്ടു കളയേണ്ട എന്ന് കരുതി ഞാന്‍ ചോദിച്ചു.
"അപ്പച്ചോ .. ഒരാഴ്ച അയാള്‍ ജോലി ചെയ്തതിന്‍റെ കൂലിയല്ലേ..? അതയാളുടെ കൈയില്‍ കൊടുക്കാന്‍ പാടില്ലായിരുന്നോ ..?"

അപ്പച്ചന്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി . ഇവന് കിട്ടിയതൊന്നും പോര എന്നാവും..
" ഹും ... നിനക്കറിയാന്‍മേലാഞ്ഞിട്ടാ .... എന്‍റെ കൈ കൊണ്ട് കൊടുത്താല്‍ 'പൊലിക്കും'..."

"പൊലിക്കും എന്ന് പറഞ്ഞാല്‍ നന്നാവും , വര്‍ദ്ധിക്കും എന്നൊക്കെയല്ലേ ..?" വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെ ഞാന്‍ തുടര്‍ന്നു . " അപ്പോള്‍ നമ്മുടെ കൈ കൊണ്ട് കൊടുത്ത് ഒരാള്‍ നന്നായാല്‍ , അത് നമുക്കൊരു സംതൃപ്തിയല്ലേ..?"

അപ്പച്ചന്‍റെ കണ്ണ് ചുവന്നു , ദേഷ്യം കൊണ്ട് ചുണ്ടുകള്‍ വിറച്ചു .
" നിനക്കു ബുദ്ധിയുണ്ടോടാ കഴുതേ ..? അങ്ങിനെ അവനങ്ങ്‌ നന്നായി പ്പോയാല്‍ അടുത്ത വര്‍ഷം എന്‍റെ റബ്ബര്‍ വെട്ടാന്‍ നീ വരുമോടാ .....? .... .... .... .... ... ... ... ... ... ...."

ബാക്കി എന്താണ് പറഞ്ഞതെന്ന് സത്യമായും ഞാന്‍ കേട്ടില്ല . ഒരത്യാവശ്യ മുണ്ടായിരുന്നത് കൊണ്ട്
ഞാന്‍ പെട്ടെന്ന് പോന്നു..,


...കോട്ടയത്തുകാരന്‍...

Friday, October 23, 2009

നോക്കുകൂലി

ഞങ്ങള്‍ കോട്ടയത്തുകാര്‍ വലിയ വിശ്വാസികളാണ് .
മണര്‍കാട്ടമ്മയോട് പ്രാര്‍ത്ഥിച്ചാല്‍ നടക്കാത്ത കാര്യങ്ങളില്ല . വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ആര്‍ക്കെങ്കിലും ഒരു അസുഖം വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയാല്‍ , വീട്ടിലെ മറ്റുള്ള വരെല്ലാം കൂടി പ്രാര്‍ത്ഥിക്കും... "ഹെന്‍റെ മണര്‍കാട്ടമ്മെ....! ഞങ്ങടെ ചാച്ചനെ കാത്തോണേ..!".
അതുപോലെ, പുതുപ്പള്ളി പുണ്യാളഛനും ..
നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോഴും അമ്മമാര്‍ പുണ്യാ ളഛനു 'നോക്കു കൂലി'യായിട്ട് പൂവന്‍ കോഴിയെ കൊടുക്കാറുണ്ട് . "നോക്കു കൂലി" എന്ന് പറഞ്ഞതു വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് വേണ്ടി ഒന്നു വിശദീകരിക്കാം .
പാലക്കലെ ചാക്കൊച്ചന്‍റെ ഭാര്യ അന്നാമ്മ ചേടത്തി , മുട്ട വിരിയിക്കാനായി കോഴിയെ അടയിരുത്തുന്നതില്‍ വിദഗ്ധയാണ്. അന്നാമ്മ ചേടത്തി യുടെ ഭാഷയില്‍ പറഞ്ഞാല്‍ ....
"കോഴിയെ 'പൊരുന്നവെക്കാന്‍' എന്തോന്നാ ഇത്ര പഠിക്കാന്‍ ?.. പൊരുന്ന വെക്കുന്ന മൊട്ട മാനം കാണിക്കരുത് , അത്രേയുള്ളൂ .. പിന്നെ കുട്ടക്കകത്ത് ഉമിയോ .. കച്ചിയോ വെച്ച് കുരിശു വരചോണ്ട് മൊട്ട പെറുക്കിയങ്ങ് വെക്കും . പുണ്യാളച്ചനെ മനസ്സില്‍ വിചാരിച്ച് പെടക്കോഴിയെ എടുത്ത്‌ വെച്ചാല്‍ പണി കഴിഞ്ഞു ."
ഇരുപത്തൊന്നാം ദിവസം തള്ള ക്കോഴിയെയും മുട്ട വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങളെയും ആദ്യമായി കുട്ടയില്‍ നിന്നും പുറത്തെറക്കും. കുഞ്ഞുങ്ങളെ യൊന്ന് എണ്ണിനോക്കി , വിരിയാതെ പോയ മുട്ടയെല്ലാമെടുത്തു കളഞ്ഞ്, മുകളിലോട്ട് നോക്കി, അന്നാമ്മ ചേടത്തി ഒരു നേര്‍ച്ചയുണ്ട് ...
"ഹെന്‍റെ പുണ്യാളച്ചാ....! പതിനഞ്ചു മൊട്ട വെച്ചതാ ... ദേ കണ്ടോ..?. ആറെണ്ണം ഒരുപ്പോക്ക് പോയി . ഒമ്പത് കുഞ്ഞുങ്ങളെ ഇനിയൊള്ളൂ. ഇതീന്ന് ഇനി പുള്ളും, പരുന്തും, കീരിയുമൊന്നും കൊണ്ടു പോകാതെ കാത്തോണേ എന്‍റെ പുണ്യാളച്ചാ ...!
എല്ലാത്തിനേം ഒരു കുഴപ്പോം കൂടാതെ നോക്കി വളര്‍ത്തിത്തന്നാല്‍ അടുത്ത പെരുനാളിന് ഒരു പൂവനെ നിനക്കു തന്നേക്കാവേ ....! എന്‍റെ പുണ്യാളച്ചാ ...!"
ഒരു നെടുവീര്‍പ്പോടെ അന്നാമ്മ ചേടത്തി നിര്‍ത്തി .

ഇനി പന്ത് പുണ്യാളചന്‍റെ കോര്‍ട്ടിലാണ് . ഈ ഒമ്പത് കുഞ്ഞുങ്ങളെ പുള്ളും , പരുന്തും , കീരിയുമൊന്നും പിടിക്കാതെ നോക്കി വളര്‍ത്തേണ്ട ചുമതല പുണ്യാളചന്‍റെ..!. ഒന്നു പോയാല്‍ പുണ്യാളചന്‍റെയാ പോകുന്നത് ....!.
നോക്കാതിരിക്കാന്‍ പറ്റുമോ?.

...കോട്ടയത്തുകാരന്‍...

Friday, October 16, 2009

ഒരു മുഴുത്ത പുളു
കാല വര്‍ഷത്തിന്‍റെ ആരംഭം . "ഊത്ത മീന്‍" പിടുത്തം കോട്ടയത്തുകാരുടെ ഉത്സവമാണ്. ഊത്ത പിടിക്കാനായി മാത്രം അവധി എടുത്തു വീട്ടിലിരിക്കുന്നവരും, അകലെയുള്ള സ്ഥലങ്ങളില്‍ നിന്നും കോട്ടയത്തുള്ള ബന്ധുവീടുകളില്‍ എത്തുന്നവരും നിരവധിയാണ് .
കോട്ടയത്തുകാരുടെ പ്രധാന ഊത്ത പിടുത്ത കേന്ദ്രമാണ് "എലിപ്പുലിക്കാട്ട് കടവ്‌ ".
പിന്നെ , 'കൊല്ലാട് പാരക്കകടവ്‌, ' പൊന്പള്ളി- മധുരംചേരി കടവ്‌, പാറമ്പുഴ, പുതുപ്പള്ളി പള്ളിക്ക് താഴെ തുടങ്ങി അനേകം സ്ഥലങ്ങളിലായി , പല തരം വലകളുപയോഗിച്ചു വീശി മീന്‍ പിടിക്കുന്നത്‌ കാണാനും ധാരാളം പേരെത്തുന്നു.
പതിവായി എലിപ്പുലിക്കാട്ടു കടവില്‍ വീശാനെത്തുന്നയാളാണ് മക്രോണി ക്കാരന്‍ കുഞ്ഞച്ചന്‍ ചേട്ടന്‍ . കഴിഞ്ഞ മഴക്കാലത്തും കുഞ്ഞച്ചന്‍ ചേട്ടന്‍ നേരത്തെതന്നെ എത്തി ഒരു തട്ടില്‍ ക്കയറി . ( സൌകര്യമായി നിന്നു വീശുന്നതിനു വേണ്ടി ആറിന്‍റെ തീരത്തു കുറ്റിയടിച്ചുണ്ടാക്കിയ പല തട്ടുകള്‍ ഇവിടെയുണ്ട് .)
നല്ല മഴ പെയ്യുന്നുണ്ട് . മിക്കവാറും തട്ടുകളിലോക്കെ വീശുകാരെത്തി . ചിലരൊക്കെ വീശി തുടങ്ങി . കുഞ്ഞച്ചന്‍ ചേട്ടനും ഒന്നു രണ്ടു പ്രാവശ്യം വീശി നോക്കി . പക്ഷെ , ഒന്നുമില്ല. നല്ല തെളി വലയായത്‌ കൊണ്ട് ചെറുതൊന്നും തടയുകയില്ല .
അടുത്ത തട്ടില്‍ നിന്നു വീശുന്ന ചെറുപ്പക്കാരനെ കണ്ടിട്ട് ഒരു പരിചയവും തോന്നിയില്ല . വെറുതെ ചോദിച്ചു " എവിടെയാ വീട് ?". ചെറുപ്പക്കാരന്‍ മറുപടി പറയുന്നതിന് മുന്പേ കൂടും വിളക്കുമായി പുറകില്‍ നിന്നിരുന്ന ചെറുവള്ളി കറിയാച്ചന്‍ പറഞ്ഞു .
"കുഞ്ഞച്ചോ .. അവനെന്‍റെ മകള്‍ടെ കേട്ട്യോനാ ... ലോനപ്പന്‍ ..! ചാലക്കുടിക്കാരനാ . ഇവന്‍ ചാലക്കുടിപ്പുഴയിലോക്കെ വീശുന്നവനാ . എനിക്ക് തീരെ വയ്യ . അതുകൊണ്ട് ഞാനിവനെ വിളിച്ചു വരുത്തിയതാ ."
കുഞ്ഞച്ചന്‍ ചേട്ടന്‍ ലോനപ്പനോടായി പറഞ്ഞു " ഇപ്പോഴത്തെ ഈ മടുപ്പ് കാര്യമാക്കണ്ട , കുറച്ച് കൂടി രാത്രിയാകട്ടെ മീന്‍ കിട്ടും . പിന്നെ , ചലക്കുടിപ്പുഴയിലോക്കെ നല്ല മീന്‍ കിട്ടാറുണ്ടോ ?"
" ആഹ .. മീന്‍ കിട്ടുമോന്നോ ? കഴിഞ്ഞ വര്‍ഷം എനിക്കൊരു മുട്ടന്‍ 'കാരി' കിട്ടി . ഒരു മൂന്നു കിലോ വരും."
കുഞ്ഞച്ചന്‍ ചേട്ടന്‍ ഞെട്ടിപ്പോയി . മൂന്നു കിലോ തൂക്കമുള്ള കാരിയോ ? വിശ്വസിക്കാന്‍ പറ്റാതെ ചോദിച്ചു. " നേരാണോ ലോനപ്പാ?"
"ഞാനെന്തിനാ നൊണ പറയുന്നേ . അതിന്‍റെ കുത്ത് കിട്ടിയ പാട് ഇപ്പോഴും എന്‍റെ കയ്യെലുണ്ട് ".
കുഞ്ഞച്ചന്‍ ചേട്ടന്‍ പിന്നെ ഒന്നും മിണ്ടിയില്ല . കുറച്ചു കഴിഞ്ഞ് കരിയാച്ചനോടായി പറഞ്ഞു . " പുതുപ്പള്ളി പള്ളിക്ക് താഴെ കഴിഞ്ഞ തുലാ മഴയ്ക്ക് ഞാന്‍ വീശുകയായിരുന്നു . നല്ല തണുപ്പുള്ള രാത്രി . ഇടക്കൊരു വല വീശി വലിച്ചപ്പോള്‍ വല ചരട് വഴി കൈയിലേക്ക്‌ നല്ല ചൂടു വന്നു . ഞാന്‍ പയ്യെ പയ്യെ വല വലിച്ച് കരക്ക്‌ കയറ്റി നോക്കിയപ്പ്പോള്‍ ഒരു കത്തുന്ന മെഴുകുതിരി ".
"ഹൊ ഹൊ ഹൊ ഹൊ " കരിയാച്ചനും ലോനപ്പനും പൊട്ടിച്ചിരിച്ചു . "ഹയ്യോ പുളു..! പുളു .. വെള്ളത്തീന്നു കത്തുന്ന മെഴുകുതിരി അല്ലെ ..?"
കുഞ്ഞച്ചന്‍ ചേട്ടന്‍ കരിയാച്ച നോട് സൌമ്യ മായി പറഞ്ഞു . " നിന്‍റെ മരുമോന്‍റെ കാരീടെ തൂക്കം കുറയ്ക്കാമോ ? എങ്കില്‍ ഞാനെന്‍റെ മെഴുകുതിരി കെടുത്തിയേക്കാം."

...കോട്ടയത്തുകാരന്‍...

Wednesday, October 14, 2009

ഒരു കുടി നിര്‍ത്തലിന്‍റെ ഓര്‍മ്മക്കായി
ഞങ്ങള്‍ കോട്ടയത്തുകാര്‍ കള്ള്കുടിയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് . റബ്ബറിന്‍റെ വിലയിടിവോ , ആഗോള സാമ്പത്തിക മാന്ദ്യമോ, ഒന്നും ഇക്കാര്യത്തില്‍ കോട്ടയത്തുകാരെ ബാധിക്കാറില്ല. കൈയില്‍ കാശില്ലെങ്കില്‍ കടം വാങ്ങിയോ , ബാങ്കില്‍നിന്നും ലോണ്‍ എടുത്തോ കള്ള് കുടിക്കും. . !
കള്ള് കുടിയുടെ കാര്യം പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ബെന്നിച്ചായന്‍റെ പേരാണ്. ആകാരത്തിലെ പ്രത്യേകത കൊണ്ടോ, ഒറ്റ നോട്ടത്തില്‍ അച്ചായന്‍ ലുക്ക്‌ കൂടുതല്‍ ഉള്ളതുകൊണ്ടോ , എന്തോ എല്ലാവര്‍ക്കും 'ബെന്നിച്ചായ'നാണ് ഇദ്ദേഹം . എത്ര കുടിച്ചാലും വാള് വെക്കില്ല , വഴിയില്‍ കിടക്കാറില്ല , കുടിച്ചുവെന്ന് മറ്റുള്ളവര്‍ അറിയുക പോലുമില്ല. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മുട്റ്റ് കപ്പാസിറ്റി'. കാല് നിലത്ത്‌ ഉറക്കുന്നില്ലെന്കില്‍ പോലും തന്‍റെ 'സുസുക്കി ബൈക്കില്‍' കയറി ക്കിട്ടിയാല്‍ എത്ര രാത്രിയാണെങ്കിലും വീട്ടിലെ പോര്‍ച്ചിലെത്തിയാല്‍ മാത്രമെ കാല് നിലത്ത്‌ കുത്തുകയുള്ളൂ .
കഴിഞ്ഞ മാസാവസാനം ശമ്പളം കിട്ടിയതുമായി പതിവു കമ്പനി ഇത്തിരി കൂടിപ്പോയി . ലേശം ഓവര്‍ ഡോസ് . കാരണം രണ്ടു മൂന്ന് ബ്രാന്‍ഡ്‌ മിക്സ്‌ ആയി ..
പിറ്റേ ദിവസം രാവിലെ ഒന്‍പതു മണിക്ക് ഏഴുന്നെല്‍ക്കാന്‍ വലിയ പ്രയാസം ഭയങ്കര തലവേദന , വല്ലാതെ മക്കടിച്ചത് പോലെ . കുറച്ചു നേരം കൂടി കിടന്നു. പത്തു മണിയായി . ഒരു മാറ്റവുമില്ല .
ഓഫീസില്‍ വിളിച്ച് ലീവ്‌ പറഞ്ഞു . പിന്നെ ഭാര്യ മോളി കേള്‍ക്കാതെ ബാത്‌റൂമില്‍ നിന്നു മൊബൈലില്‍ നാഗംപടത്തു താമസിക്കുന്ന സതീശനെ വിളിച്ച് വിവരം പറഞ്ഞു . " ഹാങ്ങ്‌ ഓവര്‍ മാറാന്‍ രാവിലെ രണ്ടെണ്ണം വീശണം , നിന്‍റെ കൈയില്‍ വല്ലതുമുണ്ടോ?. ഒന്നാം തീയതിയായത്‌ കൊണ്ട് ബാര്‍ ഒന്നും തുറക്കില്ലല്ലോ?"
" ഇല്ല ബെന്നിച്ച്ചയാ , എന്‍റെ കൈയില്‍ ഒന്നും ഇരിപ്പില്ല , പിന്നെ, നമ്മുടെ 'പട്ടാളം' ജോര്‍ജ് സാറിന്‍റെ കൈയ്യീന്ന് 'മിലിട്ടറി' മേടിക്കാം. അച്ചയനിങ്ങോട്ടു പോര് ".
സതീശന്‍റെ മറുപടിയില്‍ തൃപ്തനായി പെട്ടെന്ന് തന്നെ അത്യാവശ്യ കാര്യങ്ങളൊക്കെ നടത്തി 'സുസുക്കി ബൈക്കില്‍ ' സതീശന്‍റെ അടുത്തെത്തി .
രണ്ടെണ്ണം വീശിയപ്പോള്‍ ഉഷാറായി . തലവേദന യൊക്കെ മാറി . "ഏതായാലും ലീവെടുത്തു ഇനി വീട്ടില്‍ പോയി സുഖമായി ഒന്ന് ഉറങ്ങാം ". എന്നും പറഞ്ഞ് കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നത് രണ്ടു പേരും കൂടി അകത്താക്കി .
തിരിച്ചു പോരുന്ന വഴി റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള കടയുടെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി ഒരു പാക്കറ്റ് വില്ല്‍സ് വാങ്ങി ഒരെണ്ണം കത്തിച്ചു . കടയുടമ ജയനുമായി സംസാരിച്ചു നില്‍കുമ്പോള്‍ എതിര്‍ വശത്ത് പോലീസ് ജീപ്പ് കൊണ്ടു വന്നു നിര്‍ത്തി . ജീപ്പിലിരുന്ന എസ്. ഐ . അടുത്തേക്ക് ചെല്ലാന്‍ ആംഗ്യം കാണിച്ചു. മടിയൊന്നും കൂടാതെ തന്നെ ചെന്നു.
"പൊതു സ്ഥലത്തു പുകവലിക്കരുത് എന്നറിയാന്‍ മേലെ?"
എസ് . ഐ.യുടെ ചോദ്യം കേട്ടപ്പോള്‍, "സോറി സര്‍" എന്ന് പറഞ്ഞ് കൈയിലിരുന്ന കുറ്റി ഓടയിലേക്കു വലിച്ചെറിഞ്ഞു .
" നന്നായിട്ട് കഴിച്ചിട്ടുണ്ടല്ലോ " എസ്. ഐ. യുടെ കമന്‍റ് കേള്‍ക്കാത്ത മട്ടില്‍ നിന്നു.
പേര്, വീടുപേര് , സ്ഥലം , ജോലി തുടങ്ങി എസ്. ഐ.യുടെ ചോദ്യങ്ങള്‍ക്കെല്ലാം സത്യ സന്ധമായി മറുപടി പറഞ്ഞു. .. വളരെ ഭവ്യതയോടെ ചോദിച്ചു " പൊക്കോട്ടെ ".
എസ്. ഐ. ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു . " ഇങ്ങോട്ട് എങ്ങെനെയാ വന്നത്?, ഇനി എങ്ങനെയാ പോകുന്നെ ?"
ഈ അവസ്ഥയില്‍ ബൈക്ക് ഓടിച്ചാണ് വന്നതെന്ന് പറഞ്ഞാല്‍ അടി ഒറപ്പ് ആയതുകൊണ്ട് ഒരു ചെറിയ നുണ പറഞ്ഞു .
"ഓട്ടോ യ്ക്കാ വന്നത് , ഇനി തിരിച്ചും ഓട്ടോ വിളിച്ചു പൊക്കോളാം"
എസ്. ഐ. മറുപടി ഒന്നും പറഞ്ഞില്ല . ഹാവു...! രെക്ഷ പെട്ടു... എന്ന് വിചാരിച്ചു നില്‍ക്കുമ്പോള്‍ ജീപ്പില്‍ നിന്നും ഒരു പോലീസ് കാരന്‍ കടക്കാരന്‍ ജയന്‍റെയടുത്തു ചെന്ന് എസ്. ഐ. ക്ക് കേള്‍ക്കാവുന്ന ശബ്ദത്തില്‍ ചോദിച്ചു "ബെന്നി യുടെ വണ്ടി ഏതാ?"
" ഈയിരിക്കുന്ന 'സുസുക്കി ബൈക്ക് ' ബെന്നിച്ചായന്‍റെയാ സാറേ " എന്ന ജയന്‍റെ മറുപടി കേട്ടപ്പോള്‍ ആരും ഒന്നും പറയാതെ തന്നെ ബെന്നിച്ചായന്‍ പോലീസ് ജീപ്പിലേക്ക് കയറി ....!
വൈകുന്നേരം .
പോലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചു ജാമ്യത്തില്‍ ഇറക്കാന്‍ വന്ന ബന്ധുക്കളുടെയും കൂട്ടുകാരുടെയും മുന്‍പില്‍ വെച്ച്, നിറഞ്ഞ കണ്ണ്‍ കളോടെ ബെന്നിച്ചായന്‍ പറഞ്ഞു .
" ഞാന്‍ ഇന്നു കൊണ്ടു കുടി നിര്‍ത്തി"
ഇതിന് മുന്പ് പല പ്രാവശ്യം കുടി നിര്‍ത്തിയ ആളായത് കൊണ്ട് ഇതും വിശ്വസിച്ചേ പറ്റു...!


..
കോട്ടയത്തുകാരന്‍...







Sunday, October 11, 2009

ശുദ്ധമലയാളത്തില്‍ കാര്യങ്ങള്‍ തുറന്നു പറയുന്നവന്‍

ഞാന്‍ കോട്ടയത്തുകാരന്‍ , ശുദ്ധ മലയാളത്തില്‍ കാര്യങ്ങള്‍ തുറന്നു പറയുന്നവന്‍ ..
പക്ഷെ , അതെല്ലാം പാരയായ അവസരങ്ങളാണ് കൂടുതല്‍ .

എന്നാപ്പിന്നെ അതിലൊന്ന് പറയാം . !
കഴിഞ്ഞ മാസം .
പ്രസിദ്ധമായ മണര്‍കാട് പള്ളിയിലെ എട്ടു നോമ്പ് പെരുനാള്‍ ദിവസങ്ങളിലൊന്ന് . സന്ധ്യയോടുകൂടി ഭാര്യയെയും കൂട്ടി "ലൈറ്റ് " കാണാനായി പള്ളിയിലെത്തി . ഭക്ത ജനങ്ങളുടെയും കച്ചവടക്കാരുടെയും തിരക്കിനിടയിലുടെ പള്ളിമുറ്റത്തെത്തി . വിശാലമായ പള്ളിമുറ്റത്ത് , ദീപാലന്കാരങ്ങളുടെ വര്‍ണ്ണ പ്രഭയില്‍ ആയിരങ്ങള്‍ "ലൈറ്റ്" കാണുന്നു .
പെട്ടെന്നാണ്‌ അടുത്ത്‌ നിന്നയാളെ ശ്രദ്ധിച്ചത് . നല്ല പരിചയം .. പേരോര്‍ക്കുന്നില്ല ..!
"ഹല്ലോ"... ഞാന്‍ കൈ നീട്ടി .
ഭാഗ്യം .! അദ്ദേഹത്തിന്‌ എന്നെ മനസ്സിലായി .
"ഹല്ലോ" എന്ന് പറഞ്ഞു എന്‍റെ കൈ പിടിച്ച അദ്ദേഹം ഭാര്യയെ പരിചയപ്പെടുത്താന്‍ വാക്കുകള്‍ക്കായി തപ്പിത്തടയുന്നത് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി പുള്ളിക്കാരനും മറവി പറ്റിയെന്നു .
പെട്ടെന്ന് ഞാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയോടു പറഞ്ഞു
"ഒരു സമൂഹത്തെ മുഴുവന്‍ സാക്ഷിയാക്കി ആലിന്ഗനബദ്ധരായി നിന്നിട്ടുണ്ട് ഞങ്ങള്‍ , ഒരു വശത്ത് ചുംബിച്ചു കഴിഞ്ഞപ്പോള്‍ , ചില സര്‍ക്കസ്സ് കാരുടെ ഐറ്റം നമ്പര്‍ കാണുമ്പോള്‍ കാണികള്‍ 'വണ്‍സ് മോര്‍ ' എന്ന് പറയുന്നതു പോലെയല്ലെന്കിലും "ഒന്നു കൂടി' എന്ന് വികാരഭരിതനായി എന്‍റെ ചെവിയില്‍ പറഞ്ഞു ഇദ്ദേഹം "...
ബാക്കി പറയുന്നതിന് മുന്‍പ് "ഇങ്ങോട്ട് വന്നെ " എന്നും പറഞ്ഞു പുള്ളിക്കാരി അദ്ദേഹത്തെ വലിച്ചു ആള്‍ക്കൂട്ടത്തിനിടയിലൂടെ പള്ളിയകത്തെക്ക് പോയി..!
തിരിഞ്ഞു നോക്കിയപ്പോള്‍ ദേഷ്യത്തോടെ എന്‍റെ ഭാര്യ "ആരാ അയാള്‍"?
"എടി നീയോര്‍ക്കുന്നില്ലേ ? നമ്മുടെ കൊച്ച്ചുപ്പാപ്പന്‍റെ മകന്‍റെ കല്യാണ നിശ്ചയത്തിനു അരമന പ്പള്ളിയുടെ ഹാളില്‍ വെച്ച്‌ പെണ്ണും കൂട്ടത്തീന്നു വന്ന പ്രധാനിയായി ഇയാളും , ചെറുക്കന്‍റെ കൂട്ടത്തില്‍ നിന്നു ഞാനും പരസ്പരം കുറി കൈമാറിക്കഴിഞ്ഞ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ച്‌ പിരിഞ്ഞത് ".
...കോട്ടയത്തുകാരന്‍ ..!

ഞാന്‍ കോട്ടയത്തുകാരന്‍ .. സാമാന്യ ബുദ്ധിയും വിവരവും ഉണ്ടെന്നു അഹങ്കരിക്കുന്നവന്‍ . സൂര്യന് കീഴിലുള്ള ഏത് കാര്യത്തിലും അഭിപ്രായം പറയും . മറ്റുള്ളവര്‍ക്ക് തികച്ചും ഫ്രീയായി ഉപദേശം കൊടുക്കും.
വിവിധ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ വായിച്ചു മിടുക്കരാകാന്‍ മലയാളം, ഇംഗ്ലീഷ്, പത്രങ്ങള്‍, മികച്ച പ്രസിദ്ധീകരണങ്ങള്‍ എന്നിവ വരുത്തുന്നു. ബ്രോഡ്‌ ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ , എന്ന് വേണ്ട കുട്ടികളുടെ ബുദ്ധിപരമായ വളര്‍ച്ചക്ക്‌ വേണ്ട എല്ലാ സൌകര്യവും .!
അങ്ങനെയിരിക്കെ ഒരു ദിവസം ഹോസ്ട ലില്‍ നിന്നും മകളുടെ ഫോണ്‍ : "പപ്പാ പബ്ലിക് ലൈബ്രറി യിലെ മെംബെര്‍ഷിപ്‌ കാര്‍ഡ്‌ എടുത്ത്‌ വച്ചേക്കണം ഈയാഴ്ച ഞാന്‍ വരുമ്പോള്‍ എനിക്ക് വായിക്കാന്‍ പുസ്തകം എടുക്കണം , എനിക്ക് വായന കുറവാണെന്ന് സാര്‍ പറഞ്ഞു ."
എനിക്ക് വളരെ സന്തോഷം തോന്നി . അറിവ് നേടാന്‍ പരന്ന വായന യാണ് ഏറ്റവും നല്ലതെന്ന് എനിക്കറിയാമല്ലോ? ( ഞാനൊരു ബുദ്ധിമാന്‍ ആണല്ലോ .!)
ആഴ്ചയിലെ അവസാന ദിവസം .
ഹോസ്ട ലില്‍ നിന്നും പോരുന്ന വഴിക്ക് തന്നെ പുസ്തകമെടുത്തു . വീട്ടിലെത്തി ഉടന്‍ തന്നെ വായന തുടങ്ങി . കുറച്ചു സമയം കൊണ്ടു തന്നെ ഒരു പുസ്തകം (മാധവിക്കുട്ടി - ഡയറി കുറിപ്പുകള്‍ ) പകുതിയാക്കി . വായന തുടരുകയാണ് . ഇടക്കിടെ താളം പിടിക്കുന്നത്‌ കണ്ടാണ്‌ ഞാന്‍ ശ്രദ്ധിച്ചത് . മൊബൈല് ഫോണിന്റെ ഇയര്‍ ഫോണ്‍ ചെവിക്കുള്ളില്‍ തിരുകി പാട്ടും കേട്ടാണ്‌ വായന .!
"ഇങ്ങെനെ വായിച്ചാല്‍ പാട്ടും ആസ്വദിക്കാന്‍ കഴിയില്ല , വായനയില്‍ ഏകാഗ്രതയും കിട്ടില്ല" എന്ന് ഞാന്‍ .
"ഇതൊരു പ്രത്യേക കഴിവാണ് , രണ്ടും നടക്കും . നല്ല വണ്ണം പ്രാക്ടീസ് ചെയ്യണം ."
ആ അറിവിന്‌ മുന്‍പില്‍ ശിരസ്സു നമിച്ചു പോയി. നമുക്കറിയാത്ത എത്ര കാര്യങ്ങള്‍ ?. എന്നാലും വിശ്വസിക്കാന്‍ പ്രയാസം .
എട്ടാം ക്ലാസ്സ് കാരനായ ഇളയ മകനോട്‌ ചോദിച്ചു .
"ചേച്ചി ചെയ്യുന്നത് പോലെ നിനക്കു സാധിക്കുമോ? "
"അതാണോ പ്രയാസം , ഞാന്‍ ടീ വീയില്‍ വോളിയം കുറച്ചു വെച്ചു ക്രിക്കറ്റ് കണ്ടു കൊണ്ടല്ലേ കണക്കു ചെയ്യുന്നത് ."
അഭിമാനം തോന്നി . അവനും എന്നെക്കാള്‍ മിടുക്കന്‍ .!
...കോട്ടയത്തുകാരന്‍ .

ഞാന്‍ കോട്ടയത്തുകാരന്‍ . ഒറ്റ വാക്കില്‍ എന്നെ പ്പറ്റി പറഞ്ഞാല്‍ 'ഭീരു' ...

എന്താ സംശയം ഉണ്ടോ ? . ഒരു സംഭവം വിവരിക്കാം .

കഴിഞ്ഞ ആഴ്ച യിലൊരു ദിവസം ഭാര്യയേയും കൂട്ടി , പത്തിരുപതു കിലോമീടെര്‍ അകലെയുള്ള , പ്രസിദ്ധ മായ ഒരു പള്ളിയില്‍ പോയി. --- ഒരു കല്യാണം .

വരനും വധുവും , രണ്ടു കൂട്ടരുടെയും ആള്‍ക്കാരോക്കെയും എത്തി . കൃത്യ സമയത്ത് തന്നെ ചടങ്ങുകള്‍ തുടങ്ങി . വിശാല മായ പള്ളിയകത്ത് ഒഴിഞ്ഞു കിടന്ന അനേകം ചാര് ബെന്ച്ചുകളിലോന്നില്‍ ഭയ ഭക്തി യോടെ ഇരുന്നു കല്യാണ ചടങ്ങുകള്‍ കണ്ടു . വാര്ധക്യത്തിലേക്ക് നടന്നു കയറുന്ന പുരോഹിതന്‍ കുടുംബ ജീവിതത്തിന്‍റെ പരിശുദ്ധി യെക്കുറിച്ചും മഹിമ യെക്കുറിച്ചും എല്ലാം വളരെ യുക്തി ഭദ്രമായി ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു സൌമ്യ മായ വാക്കുകളില്‍ പ്രഭാഷണം നടത്തുന്നു .

ഇടയ്ക്ക് പുറത്തേക്കൊന്നു പാളി നോക്കിയ എനിക്ക് മനസ്സിലായി പള്ളിയകത്ത് ഉള്ളതിനേക്കാള്‍ ആളുകള്‍ പുറത്ത്‌ ഉണ്ടെന്നു .. പെട്ടെന്ന് , ഒരു ഭയം .. എന്നെ അലട്ടാന്‍ തുടങ്ങി . പള്ളിയകത്തെ ഭക്തി സാന്ദ്രമായ അന്ത രീക്ഷമോ , ഗായക സംഘത്തിന്റെ ഇമ്പ മാര്‍ന്ന ഗാനമോ ഒന്നും എനിക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല .

മൊബൈല് ഫോണില്‍ കാള്‍ വന്നു എന്നത് പോലെ ഞാന്‍ പുറത്തേക്കിറങ്ങി ...

ഹാവൂ .... ആശ്വാസമായി .!!..

എഴുനൂറ്റി തൊണ്ണൂറ്റി അഞ്ചു രൂപ കൊടുത്ത് വാങ്ങിയ പുതിയ ചെരുപ്പ് അവിടെ ത്തന്നെയുണ്ട് .!

കോട്ടയത്തുകാരന്‍ ..